ഓച്ചിറയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ അന്വേഷണസംഘം രാജസ്ഥാനത്തിലെത്തി. ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതിയെ കണ്ടെത്താനാകാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ ഉപവാസം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ സ്വദേശികളായ കുടുംബം പരാതി നല്‍കിയത്. അന്വേഷണമാരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി അനന്തു, വിപിന്‍ എന്നിവരെയും ബുധനാഴ്ച പ്യാരി എന്നയാളെയും പിടികൂടി. എന്നാല്‍ സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും മുഖ്യപ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പൊലീസിനായില്ല. ഈ സാഹചര്യത്തിലാണ് ബാംഗ്ലൂരിനൊപ്പം അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചത്.
രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായമുള്ളതുകൊണ്ടാണ് പ്രതിയെ കണ്ടെത്താനാകാത്തതെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസസമരം ആരംഭിച്ചു. നാലു പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികളെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാതായി അഞ്ചുദിവസമായിട്ടും മുഖ്യപ്രതിയെക്കുറിച്ച് പൊലീസിന് യാതൊരു സൂചനയുമില്ല. മൂന്നുപേരെ പിടികൂടിയെങ്കിലും മുഖ്യപ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.