കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
ഇന്നലെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ കൌണ്സിലിങ്ങിനു ശേഷം വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ വൈദ്യപരിശോധന ഫലത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസെടുത്തിട്ടുള്ള റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു. വൈദ്യപരിശോധനക്ക് ശേഷം കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണുള്ളത്. അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പിതാവിന്റെ വാദം ശരിയല്ലെന്ന് പ്രതി മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചിരുന്നു.
പെണ്‍കുട്ടി പഠിച്ച രാജസ്ഥാനിലെ സ്കൂളിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് പ്രായം തെളിയിക്കുന്ന രേഖയായി ഹാജരാക്കിയിരുന്നത്. ഫോട്ടോസ്റ്റാറ്റ് കോപ്പിയായതിനാല്‍ ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം രാജസ്ഥാനിലേക്ക് പോകും. ആവശ്യമെങ്കില്‍ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ പതിനെട്ടാം തിയതി പെണ്‍കുട്ടിയുമായി കടന്ന മുഹമ്മദ് റോഷന് മുംബൈ പന്‍വേലിയിലെ ചേരിയില്‍ പെണ്‍കുട്ടിയുമായി താമസിക്കുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ 9 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.