Kerala

‘എല്ലാവരും സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ പോയി, സർക്കാർ വികസനത്തിന് പുറകേ പോയി’

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് പോരായ്മകൾ ഉണ്ടായിട്ടുണ്ട്. സംഘടനയുടെ ഉള്ളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചില്ലെന്നും രാജഗോപാൽ വിമർശിച്ചു.

കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തെരഞ്ഞെടുപ്പിൽ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെത്തിക്കാനും നേതൃത്വത്തിനായില്ലെന്ന് വിമർശനമുണ്ട്. നേടിയ പഞ്ചായത്തുകളിൽ അധികവും കേവല ഭൂരിപക്ഷമെത്താനാകാത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിറ്റിങ് വാർഡുകൾ അധികവും നഷ്ടമായതും നേതൃത്വത്തിന് എതിരെ കൃഷ്ണദാസ് പക്ഷം ആയുധമാക്കും.

പാലക്കാട് നില മെച്ചപ്പെടുത്തിയതും പന്തളം പിടിച്ചതും മാത്രമാണ് ആശ്വാസമെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. കെ.സുരേന്ദ്രൻ നേതൃത്വം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ജനകീയ പരീക്ഷണത്തിൽ തോറ്റുപോയെന്ന് സ്ഥാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന അപസ്വരങ്ങൾ പറഞ്ഞൊതുക്കാനാകാത്തത് വരുംദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രകടനം കൂടി മുന്നിൽ വച്ച് കലാപമുയർത്താനാകും കൃഷ്ണദാസ് പക്ഷം ശ്രമിക്കുക. ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ള അസംതൃപ്തരെ കൂടി കൂട്ടുപിടിച്ചാകും പോര് കടുപ്പിക്കുക.