Kerala

മിനിമം വേതനമോ അലവൻസോ പോലുമില്ല, മാലാഖയെന്ന വിളി മാത്രം ബാക്കി; കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍..

മാലാഖമാരെന്ന് പറയുമ്പോഴും അര്‍ഹിക്കുന്ന വേതനം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാരില്‍ പലരും. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല. കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതിനെതിരെ തിരുവനന്തപുരത്ത് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവന്നതും ഈ മുന്നണി പോരാളികള്‍ക്കാണ്. ആതുരസേവന രംഗത്ത് മാലാഖമാരെന്നാണ് നഴ്സുമാര്‍ക്കുള്ള വിശേഷണം. എന്നാല്‍ വിശേഷണത്തിനപ്പുറം കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍. കോവിഡ് മഹാമാരിക്കാലത്ത് തുടര്‍ച്ചയായി പി.പി.ഇ കിറ്റിനുള്ളില്‍ ജോലി ചെയ്യുമ്പോഴും മിനിമം വേതനമില്ലെന്ന് നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു. മിനിമം വേതനം 20,000 ആക്കിയെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ശമ്പളം പോലും ഇല്ലാതെ ജോലി ചെയ്യുന്നവരേറെയാണ്. സ്റ്റാഫ് നഴ്സുമാരെ നഴ്സിംഗ് ഓഫീസര്‍മാര്‍ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ടെങ്കിലും ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ഇവര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല.

കോവിഡ് കാലത്ത് ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നായിരുന്നു നേരത്തെയുള്ള ക്രമീകരണം. തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ടി എടുക്കുന്നതിനാല്‍ അവശരാണ് പലരും. രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടി ഓഫ് റദ്ദാക്കി. ഇതേ തുടര്‍ന്ന് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ട ഗതികേടും നഴ്സുമാര്‍ക്കുണ്ടായി. പദവിയുടെ പേര് മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും അര്‍ഹതക്കുള്ള അംഗീകാരം മതിയെന്നുമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്.