Kerala

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: ഹോട്ടല്‍ ഉടമ അറസ്റ്റില്‍

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയില്‍ നിന്നും ആണ് ഇയാള്‍ പിടിയിലായത്. നേരത്തെ ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികുടിയിരുന്നു.

നഴ്‌സ് രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം സ്ഥിരീകരിച്ചിരുന്നു. ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം നിര്‍ണായകമെന്ന് പൊലീസ് പറഞ്ഞു.

വൃക്കയിലും കരളിലും അടക്കമുണ്ടായ അണുബാധ മൂലം ആരോഗ്യനില വഷളായി രശ്മിയുടെ മരണം സംഭവിച്ചതായാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അണുബാധ ഏതു തരത്തിലുള്ളതാണെന്ന് സ്ഥിരീകരണമില്ല. ഇതിനായി തിരുവനന്തപുരം റീജണല്‍ കെമിക്കല്‍ ലാബിലേക്ക് ശരീര സ്രവങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയക്കും. രാസപരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഭക്ഷ്യവിഷബാധയെന്നതില്‍ വ്യക്തതവരൂ.

2021 ലും ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്തിരുന്നു. എന്നാല്‍ 8000 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ പിഴ ഒടുക്കാന്‍ തയ്യാറായില്ല. ഡിസംബര്‍ 29 ന് ആണ് മെഡിക്കല്‍ കോളജിലെ നേഴ്‌സായ രശ്മി അല്‍ഫാം പാഴ്‌സല്‍ വാങ്ങി കഴിച്ചത്.