Kerala

ഇംഗ്ലണ്ടില്‍ കന്യാസ്ത്രീക്ക് പീഡനം; മകളെ നാട്ടിലെത്തിക്കണമെന്ന് കുടുംബം,വിലപേശല്‍ നടത്തുന്നതായി രൂപത

ഇംഗ്ലണ്ടില്‍ മലയാളി കന്യാസ്ത്രീ മാനസിക പീഡനത്തെ തുടര്‍ന്ന് മഠത്തില്‍ നിന്ന് പുറത്തു പോകാനിടയായ സംഭവത്തില്‍ മാനന്തവാടി രൂപതയുടെ വിശദീകരണം തെറ്റെന്ന് യുവതിയുടെ കുടുംബം. തങ്ങള്‍ വിലപേശല്‍ നടത്തിയിട്ടില്ല, മകളെ നാട്ടിലെത്തിക്കാനും ചികിത്സിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു.

ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റഷെറില്‍ ബെനഡിക്റ്റയിന്‍ കോണ്‍വന്റില്‍ 18 വര്‍ഷത്തോളം കന്യാസ്ത്രീ ജീവിതം നയിച്ച ശേഷം മഠത്തില്‍ നിന്ന് പുറത്ത് പോയ വയനാട് നിരവില്‍ പുഴ സ്വദേശിയായ യുവതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം സമരമാരംഭിച്ചത്. എന്നാല്‍ മാനന്തവാടി ബിഷപ്പ് ഹൌസിനു മുന്‍പിലെ കുത്തിയിരിപ്പ് സമരം രൂപതയില്‍ നിന്ന് 5 കോടി രൂപ കൈക്കലാക്കാനുള്ള ശ്രമമാണെന്നാണ് ബിഷപ്പ് ഹൌസ് അധികൃതര്‍ ആരോപിച്ചത്. ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

വിദേശത്തുള്ള ലത്തീന്‍ സഭയില്‍ നിന്നുണ്ടായ പ്രശ്നത്തിലിടപെടാന്‍ രൂപതക്ക് കഴിയില്ലെന്ന നിലപാടാണ് മാനന്തവാടി ബിഷപ്പ് ഹൌസ് സ്വീകരിച്ചത്. എന്നാല്‍ രൂപതക്ക് കീഴിലുള്ള മക്കിയാട് കൊളാസ്റ്റിക്ക മഠത്തില്‍ നിന്നാണ് മകളെ വിദേശത്തേക്ക് കൊണ്ട് പോയതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം മാനന്തവാടി ബിഷപ്പ് ഹൌസിനു മുന്‍പില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരമാണ് കന്യാസ്ത്രീയുടെ പിതാവ് നടത്തിയത്.