എൻ.എസ്.എസിന്റെ എതിർപ്പ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും. ശരിദൂര നിലപാടിലൂടെ യു.ഡി.എഫ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കുകയാണ് സംഘടന നേതൃത്വം ചെയ്തിരിക്കുന്നത്. എൻ.എസ്.എസിന് തൽക്കാലത്തേക്ക് മറുപടി നൽകേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ.
ശബരിമല വിഷയത്തിന് പിന്നാലെയായിരുന്നു സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്.ലോകസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ സംഘടന നേതൃത്വം പരസ്യമായി രംഗത്ത് വരുകയും ചെയ്തു.ഈ നിലപാടിൽ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന പ്രത്യക്ഷ സൂചനയാണ് സർക്കാറിനെ കടന്നാക്രമിച്ചുളള എൻ.എസ്.എസിന്റെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. സവര്‍ണ – അവര്‍ണ ചേരിതിരിവ് ഉണ്ടാക്കി സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് എൻ.എസ്.എസ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പരസ്യമായി ആരോപിക്കുകയും ചെയ്തു.
ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ നിലപാടിനെതിരേയും നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. 5 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.എസ്.എസിന്റെ നിലപാടിന് രാഷ്ട്രീയമാനങ്ങൾ ഏറെയാണ്.എൽ.ഡി.എഫിനും ബി.ജെ.പിക്കും എതിരായതോടെ എൻ.എസ്.എസ് വോട്ടുകൾ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലകൂലമായേക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്.നായർ വോട്ടുകൾ നിർണ്ണായകമായ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ ഇത് യു.ഡി.എഫിന് നേട്ടമാകും. എൻ.എസ്.എസ് വോട്ട് ഏറെയൊന്നും പ്രതീക്ഷിക്കാത്ത എൽ.ഡി.എഫിനെക്കാൾ ബി.ജെ.പിക്കാണ് ഇത് കൂടുതൽ തിരിച്ചടിയാവുക. അതേസമയം എൻ.എസ്.എസിന്റെ വിമർശനത്തോട് പ്രകോപനപരമായ് പ്രതികരിക്കേണ്ടെന്ന നിലപാടാണ് സി.പി.എം നേതൃത്വത്തിനുളളത്.