India Kerala

ഡയറി ഫാമിന് അനുമതി നിഷേധിച്ച് ഉദ്യോഗസ്ഥര്‍; പദ്ധതി ഉപേക്ഷിച്ച് പ്രവാസി മടങ്ങി

തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കൃഷിമന്ത്രിയുടെ പിന്തുണയില്‍ ഡയറി ഫാം തുടങ്ങാന്‍ പദ്ധതിയിട്ട ഷാര്‍ജയിലെ ഫൈസല്‍ തങ്ങള്‍ക്ക് ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് മടങ്ങേണ്ടി വന്നു. രാഷ്ട്രീയ നേതൃത്വം പിന്തുണച്ചപ്പോഴും ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്‍റെ പദ്ധതിയെ തകിടം മറിച്ചത്. പ്രവാസം മതിയാക്കി ശിഷ്ടകാലം പാല്‍ കറന്ന് ജീവിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് നാട്ടിലെത്തിയ ഈ പ്രവാസിക്ക് പക്ഷെ, ഉദ്യോഗസ്ഥരുടെ കറവ പശു ആകാനായിരുന്നു വിധി.

മൂന്ന് ഏക്കറുള്ള ഫാമില്‍ ഏഴ് സെന്റ് തണ്ണീര്‍തടം കണ്ടെത്തി ആദ്യം പണമൂറ്റിയത് പുന്നയൂര്‍ പഞ്ചായത്തും വില്ലേജ് അധികൃതരും. അടുത്ത ഘട്ടം കറവ തൃശൂര്‍ ജില്ലാ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസ് വക മില്‍മക്ക് പാല്‍ അളക്കാത്ത ചാവക്കാട് പ്രദേശം ഡയറി ഫാമിന് ചേരില്ലെന്ന് കണ്ടെത്തിയത് ക്ഷീരവികസന വകുപ്പ്. കൃഷിമന്ത്രിയും പഞ്ചായത്ത് ഭരണസമിതിയും ഒപ്പം നിന്നിട്ടും പതിനൊന്നുമാസം വൈകി ലൈസന്‍സ് ലഭിക്കാന്‍. അപ്പോഴേക്കും വായ്പ വാഗ്ദനം ചെയ്ത ബാങ്ക് പിന്‍മാറി. മുടക്കിയ 12 ലക്ഷവും, തങ്ങള്‍ ഭവന്‍ ഡയറി ഫാം എന്ന സ്വപ്നവും പാതിവഴി ഉപേക്ഷിച്ച് ഇദ്ദേഹവും ഒടുവില്‍ പഴയ പ്രവാസത്തിലേക്ക് പിന്‍വാങ്ങി.