India Kerala

ചാവക്കാട് കൊലപാതകം: പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

തൃശൂര്‍ ചാവക്കാട് നൗഷാദ് കൊലപാതക കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കൃത്യം നടത്തിയത് പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണെന്നാണ് വിവരം. കേസ് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നൗഷാദിനെയും സൃഹൃത്തുക്കളെയും അക്രമിച്ച സംഘത്തിന് വിവരങ്ങള്‍ കൈമാറിയയാള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. അക്രമി സംഘത്തില്‍ പതിനഞ്ച് പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് നിഗമനം. നാല് പേര്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തു.

മറ്റുള്ളവര്‍ അക്രമി സംഘത്തിന് സുരക്ഷയൊരുക്കുകയായിരുന്നു. പ്രതികളില്‍ ചിലര്‍ പിടിയിലാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നൗഷാദിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പൊലീസിന്റെ വീഴ്ചയാണ് നൗഷാദിന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.