ചാവക്കാട് കൊലപാതകം ഐജി തലത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട നൗഷാദിന്റെ വീട് ചെന്നിത്തല സന്ദര്‍ശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേർ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി സംഘത്തിന് പ്രാദേശികമായി പിന്തുണ നൽകിയവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ആക്രമണം നടന്ന സ്‌ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം ശേഖരിച്ചു.
കൊലപാതകങ്ങളിലടക്കം വൈദഗ്ധ്യം നേടിയ സംഘമാണ് ചാവക്കാട് പുന്ന ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആക്രമണം നടത്താനായി സംഘത്തിന് പ്രാദേശിക പിന്തുണ ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്ഏഴു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്നു പേരുടെയും നിലവിൽ തൃപ്തികരമാണ്. ഇവരിൽ നിന്ന് കൂടി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെ ആണ് നൗഷാദിന്റെ മൃതദേഹം ചാവക്കാട് പുന്നയിലെ വീട്ടിൽ എത്തിച്ചത്. വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരത്തും വീട്ടിലും എത്തിയത്. രാത്രി ഒൻപതരയോടെ പുന്ന ജുമാമസ്ജിദിൽ ആയിരുന്നു കബറടക്കം.