India Kerala

മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും

മരടിലെ ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും. തീരദേശപരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ യോഗം ചേരും.

കോടതി ഉത്തരവ് സൂചിപ്പിച്ച് ഇന്ന് രാവിലെ പത്തുമണിയോടെ ഫ്ളാറ്റ് ഉട‌മകള്‍ക്ക് നോട്ടീസ് കൈമാറാനാണ് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തത്. ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗം വിശദമായി ചർച്ച ചെയ്യും. ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനാവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടവും നഗരസഭയും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ അതിഥി മന്ദിരങ്ങളിലേക്ക‌ടക്കം മാറ്റിത്താമസിപ്പിക്കാണ് നഗരസഭയുടെയും ജില്ലാഭരണകൂടത്തിന്റെയും തീരുമാനം.

അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രിം കോടതി വിധിപുറപ്പെടുവിച്ചതെന്നും ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ റിട്ട് ഫയല്‍ ചെയ്തിട്ടുമുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന്‍ ഹൌസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.