Kerala

കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍.

ഇന്നലെ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നിരുന്നു.

2013-2014 കാലയളവില്‍ കണ്ണൂര്‍ അഴിക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിനായി കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ ലീഗ് നേതാക്കളില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു.