India Kerala

പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി

പ്രധാനമന്ത്രിയ്ക്ക് എതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട്ടെ വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനായി എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു മോദി കര്‍ഷക വഞ്ചകനാണെന്ന് വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കോഴിക്കോട് പ്രാധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ്പ് യാത്രയോടനുബന്ധിച് മോദിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു നോട്ടീസ് വിതരണം. ഒപ്പം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധ പരിപാടി നടക്കുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രകടനം നടത്താന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ അനുവാദം ചോദിച്ചെങ്കിലും പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. പൗരാവകാശം ബോധപൂർവ്വം തടയുകയാണ് പൊലീസ് ചെയ്തതെന്നും കർഷക വിരുദ്ധ സമീപനം സ്വീകരിച്ച് നരേന്ദ്ര മോദി കർഷകരെ ദ്രോഹിക്കുകയായിരുന്നെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം നാലു മുതൽ രാത്രി പതിനൊന്ന് മണി വരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മോദി എവിടെ പ്രചരണം നടത്തിയാലും പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ട് പോവുമെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.