നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്‌ണോയിക്ക് സ്ഥലം മാറ്റം. ദർശൻ ഗട്ടാനിയാണ് പുതിയ ഡിഎഫ്ഒ. വനം വകുപ്പ് ആസ്ഥാനത്തേക്കാണ് രമേശ് ബിഷ്‌ണോയിയെ സ്ഥലം മാറ്റിയത്. കുറുക്കൻമൂലയിലെ കടുവ പ്രശ്‍നത്തിനിടെയാണ് നോർത്ത് വയനാട് ഡി എഫ് ഒയുടെ സ്ഥലം മാറ്റം.
അതേസമയം വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ് വ്യക്തമാക്കി. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്‍മൂലയില്‍ എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് വ്യാഴാഴ്ച അറിയാം.
കടുവയെ പിടികൂടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സിസിഎഫ് ഡി. കെ വിനോദ്കുമാര്‍ പറഞ്ഞു. അതിനിടെ കുറുക്കന്‍മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ ഇന്ന് കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്.