Kerala

വടക്കൻ മലബാറിൽ കനത്ത മഴ; കാസർഗോട്ട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി

വടക്കേ മലബാറിൽ മഴ കനത്തു. കാസർഗോഡ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കണ്ണൂരിൽ മലയോര മേഖലയിലും വെള്ളം കയറി. വയനാട് മുണ്ടക്കൈ ഭാഗത്ത് ഇന്നലെ രാത്രിയോടെ വീണ്ടും നേരിയ ഉരുൾപൊട്ടലുണ്ടായി. ആളുകളെ നേരത്തെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമില്ല.

കഴിഞ്ഞ ദിവസം രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ കാസർകോട് ജില്ലയിലെ പ്രധാന മൂന്ന് പുഴകൾ കരകവിഞ്ഞൊഴുകി. തേജസ്വിനി പുഴ അടക്കമാണ് കര കവിഞ്ഞത്. വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ്ഗ്,കാസർക്കോട് താലൂക്കുകളിലായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിലവിൽ 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഹൊസ്ദുർഗ്ഗ് താലൂക്കിൽ ഉൾപ്പെടുന്ന നീലേശ്വരം നഗരസഭാ പരിധിയിലെ നീലായി, പാലായി, ചാത്തമത്ത്, ചായോത്ത്, പൊതാവൂർ, കയ്യൂർ, മയ്യൽ, പൊടോതുരുത്തി മേഖലകളിലാണ് കാര്യമായ വെള്ളപ്പൊക്ക ഭീഷണിയുള്ളത്. മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആറ് ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.

കണ്ണൂരിൽ ശ്രീകണ്ഠപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വെള്ളത്തിലായിക്കഴിഞ്ഞു. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 62 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 3363 ആളുകളാണ് ക്യാമ്പിൽ കഴിയുന്നത്.