India Kerala

ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു

ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല. യമുനാ നദിയിലെ ജലനിരപ്പ് അപകടകരമാവുന്ന തരത്തില്‍ ഉയരുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു.

പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും മഴ തുടരുകയാണ്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല. അഞ്ച് സംസ്ഥാനങ്ങളിലായി 58 പേര്‍ മരിച്ചതായാണ് വിവരം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിലായി ഒരു ദിവസം കൊണ്ട് കാണാതായത് 22 പേരെ. ഈ സംസ്ഥാനങ്ങളില്‍ പല ഭാഗത്തും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. യമുനാ നദിയില്‍ ജലനിരപ്പ് 206.40 മീറ്ററായി. നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.

ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.