Kerala

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്. പ്രേമനന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം. പ്രേമനന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്.

പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും എംഡി, സ്റ്റാൻഡിംഗ് കൗൺസിലിനെ അറിയിച്ചു.