India Kerala

മഴ മാറി, മാനം തെളിഞ്ഞു; 3 ജില്ലകളിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ മാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒരു മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. മൂന്ന് ജില്ലകളില്‍ നല്‍കിയ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ലക്ഷദ്വീപിലും ജാഗ്രതാനിര്‍ദേശങ്ങളില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

ഈ മാസം ആദ്യം 30 ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.