India Kerala

സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസില്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ മാണി വിഭാഗം. സമ്മര്‍ദം ശക്തമായതോടെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് സൂചന. ഇതോടെ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ സമവായം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.

കേരള കോണ്‍ഗ്രസില്‍ ഒത്ത് തീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും മങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ട് ഒരു വിട്ട് വീഴ്ചയ്കക്കും ഇരുവിഭാഗവും തയ്യാറല്ല. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷമുള്ള ജോസ് കെ മാണി വിഭാഗം സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം തന്നെ ശക്തമായി ഉന്നയിക്കുന്നു. ഈ സമ്മര്‍ദ്ദം കുറച്ചൊന്നുമല്ല ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

നിലവില്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം ജോസ് കെ മാണി വിഭാഗത്തിന് ഉണ്ടെന്നാണ് അവകാശ വാദം. എന്നാല്‍ സമവായം ആഗ്രഹിക്കുന്നവരെ കൂടി കൂടെ നിര്‍ത്താനുളള നീക്കങ്ങളാണ് ജോസഫ് വിഭാഗം ഇപ്പോള്‍ നടത്തുന്നത്. പഴയ മാണി വിഭാഗത്തിലെ പലരേയും ഒപ്പം നിര്‍ത്തി ഹൈപ്പവര്‍ കമ്മിറ്റിയിലടക്കം മേല്‍കൈ ഉണ്ടാക്കാമെന്നാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. എന്നാല്‍, കെ.എം മാണിയുടെ പാര്‍ട്ടി എന്ന വികാരം ഉയര്‍ത്തകൊണ്ട് വന്ന് ഇതിന് ജോസ് കെ മാണി വിഭാഗം കൃത്യമായി തടയിടുന്നുമുണ്ട്.

നിലവിലുള്ള ഭൂരിപക്ഷം വെച്ച് സമാന്തര കമ്മിറ്റികള്‍ വിളിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് സാധിക്കും. എന്നാല്‍ അങ്ങനെ നീക്കം നടത്തിയാല്‍ പാര്‍ട്ടി നഷ്ടപ്പെടുന്നമെന്ന് ഇവര്‍ക്ക് അറിയാം. ആയതിനാലാണ് സംസ്ഥാന സമിതി വിളിക്കണമെന്ന സമ്മര്‍ദം ജോസ് കെ മാണി വിഭാഗം ശക്തമാക്കിയിരിക്കുന്നത്.