Kerala

”മാണിയുടെ ഹൃദയം മുറിച്ചുമാറ്റി”: യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി

മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത്

യുഡിഎഫ് കാട്ടിയത് അനീതിയെന്ന് ജോസ് കെ മാണി. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ് കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു. തല്‍ക്കാലം ഒറ്റക്ക് നില്‍ക്കുമെന്നും യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നുമുള്ള തീരുമാനമാണ് ജോസ് കെ മാണി ഇന്ന് അറിയിച്ചത്. നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുരക്ഷിതമായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിന്‍റേത് മാണി സാറിനെ മറന്നുകൊണ്ടുള്ള തീരുമാനം. മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത്. മാണി സാറുടെ ഹൃദയമാണ് മുറിച്ച് മാറ്റിയത്. കര്‍ഷക പെന്‍ഷന്‍ മുതല്‍ കാരുണ്യ ലോട്ടറി വരെയുള്ള പദ്ധതികള്‍ കെഎം മാണിയുടേത്. ഇത്രമാത്രം സംഭാവനങ്ങള്‍ നല്‍കിയ കേരള കോണ്‍ഗ്രസിനെയാണ് പുറത്താക്കിയത്. യുഡിഎഫ് പുറത്താക്കിയത് ഒരു കാരണവുമില്ലാതെയാണ് പ്രാദേശിക തര്‍ക്കത്തിന്റെ പേരിലാണ് യുഡിഎഫ് സ്ഥാപിച്ചകാലം മുതലുണ്ടായ പാര്‍ട്ടിയെ പുറത്താക്കിയത്. എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകുകയെന്ന ധര്‍മം യുഡിഎഫ് മറന്നു. ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയ അഭയം നല്‍കി. പക്ഷേ, പി ജെ ജോസഫ് കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നു. പി ജെ നിരന്തരമായി തന്നെ വ്യക്തിഹത്യ നടത്തി. പിജെയെ എടുത്താലുണ്ടാവുന്ന ഗുണവും ദോഷവും നിങ്ങള്‍ സഹിക്കണമെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മാണി മരിച്ചതിന് ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പിജെ ശ്രമിച്ചു. ആ സാഹചര്യത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും ജോസ് കെ മാണി ചോദിച്ചു. ജൂലൈ 10ന് പാര്‍ട്ടി ജില്ലാകമ്മിറ്റി യോഗം വിളിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.