മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ കേന്ദ്രത്തോട് ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല
വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ ട്രെയിനുകള്‍ ആവശ്യപ്പെടാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മീഡിയാവണിനോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കണക്ക് ലഭിച്ച ശേഷം ഗതാഗതസൌകര്യങ്ങളേര്‍പ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ദിനംപ്രതി നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. മലയാളികളെ മടക്കിക്കൊണ്ടുവരാനായി ഇപ്പോള്‍ ട്രെയിനുകള്‍ ആവശ്യപ്പെടുന്നത് പ്രായോഗികമല്ല.
പല സംസ്ഥാനങ്ങളിലും ഒരു ട്രെയിനില്‍ കൊള്ളാവുന്ന ആളുകള്‍ മടങ്ങാനുണ്ടാകില്ല. നോണ്‍ സ്റ്റോപ്പ് ട്രെയിനുകളാകുമ്പോള് പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ കയറ്റിവരികയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് നോര്‍ക്ക വഴി പുരോഗമിക്കുകയാണ്. ഈ കണക്കനുസരിച്ചാകും സ്പെഷ്യല്‍ ട്രെയിന്‍ അടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയെന്നും അദ്ദേഹം അറിയിച്ചു.