പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. വില്ലേജ് ഓഫീസറും തദ്ദേശസ്ഥാപന സെക്രട്ടറിയും തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് പണം വിതരണം ചെയ്യുന്നത്.ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞ തവണത്തെപ്പോലെ നല്‍കും. ഓണാഘോഷപരിപാടി ആര്‍ഭാടമില്ലാതെ നടത്താനും മന്ത്രിസഭ തീരുമാനിച്ചു.
കഴിഞ്ഞ പ്രളയസമയത്ത് അനര്‍ഹരായ നിരവധി പേര്‍ക്ക് അടിയന്തര സഹായമായ 10000 രൂപ ലഭിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിശദപരിശോധന നടത്തി സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. പ്രളയദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം വില്ലേജ് ഓഫീസര്‍ക്കും,അതാത് മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കഴിഞ്ഞ മന്ത്രിസഭ യോഗം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള 10000 രൂപ അടിയന്തര സഹായം അടുത്ത മാസം 7ന് മുന്‍പ് വിതരണം ചെയ്യാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് കഴിഞ്ഞ തവണത്തെ മാനദണ്ഡം അനുസരിച്ച് നല്‍കും. എന്നാല്‍ ഉത്സവബത്ത നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇത്തവണ സാലറി ചലഞ്ച് ഉണ്ടാകാനും സാധ്യതയില്ല. വീണ്ടും സാലറി ചലഞ്ച് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ എതിരാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉണ്ടാകുമെങ്കിലും ആഡംബരം ഉണ്ടാകില്ല. ദേശീയ ഗെയിംസില്‍ മെഡില്‍ നേടിയ 83 പേര്‍ക്ക് കൂടി വിവിധ വകുപ്പുകളില്‍ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു.