Kerala

ആന്‍റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ല: തിരിച്ചയച്ച് കേരളം

കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ തിരിച്ചയച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ച മുപ്പതിനായിരത്തിലേറെ കിറ്റുകളാണ് മടക്കിയയച്ചത്. കിറ്റുകളിലെ പരിശോധഫലം വ്യക്തമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പൂനെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷൻസിൽ നിന്ന് ഒരു ലക്ഷം ആന്റിജൻ കിറ്റുകളാണ് കേരള മെഡിക്കൽ സെർവിസസ് കോര്‍പറേഷൻ വാങ്ങിയത്. ഇതിൽ 62, 858 കിറ്റുകൾ ഉപയോഗിച്ചു. എന്നാൽ 5,020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമായിരുന്നില്ല. ആൻറിജൻ പരിശോധനക്കായുള്ള സ്ട്രിപ്പിൽ ഫലം വ്യക്തമാകാത്തതാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഫലം സ്ഥിരീകരിക്കാൻ വീണ്ടും മറ്റൊരു കിറ്റ് കൂടി ഉപയോഗിക്കേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കിറ്റുകൾ തിരിച്ചയക്കാൻ തീരുമാനിച്ചത്. 32,122 കിറ്റുകൾ തിരിച്ചയച്ചു. നാലുകോടി 59 ലക്ഷം രൂപ വിലവരുന്നതാണ് കിറ്റുകൾ. ഉപയോഗിച്ച കിറ്റുകളുടെ മുഴുവൻ തുകയും കമ്പനിക്ക് നല്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകൾ സ്‌റ്റോക്കുള്ളതിനാൽ പരിശോധനയെ ബാധിക്കില്ല.

സംസ്ഥാനത്ത് എഴുപത് ശതമാനത്തിലേറെയും ആന്റിജൻ പരിശോധനയാണ് നടക്കുന്നത്. RTPCR പരിശോധന വര്‍ധിപ്പിക്കാൻ വിദഗ്ധ നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. അതേസമയം രണ്ടാഴ്ചക്കകം 10 ലക്ഷം കിറ്റുകൾ കൂടി വാങ്ങാൻ KMSCL നടപടി തുടങ്ങിയിട്ടുണ്ട്.