കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ 21 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ആവശ്യം.
കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്നുമായിരുന്നു സീറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്. പൊലീസിന്റെ കണക്കു പ്രകാരം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും സിനഡ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നുണ്ടെന്നും ഇത്തരം പരാതികളില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നുമാണ് സിനഡ് കുറ്റപ്പെടുത്തിയത്. സഭയുടെ വാദത്തെ തള്ളി സർക്കാർ രംഗത്തെത്തിയിരുന്നെങ്കിലും ബി.ജെ.പിയും സമാനമായ ആരോപണം ഉന്നയിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാകുകയായിരുന്നു.