Kerala

തെരുവ് നായ ആക്രമണം തുടർക്കഥ; മലപ്പുറത്ത് എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല

തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.

ഓരോ പ്രദേശത്തെയും നായകളുടെ എണ്ണമനുസരിച്ച്, രണ്ട് ബ്ലോക്കുകൾക്ക് ഒന്ന് എന്ന നിലയിൽ കെട്ടിടസൗകര്യങ്ങളാണ് വേണ്ടത്. ഡോഗ് റൂൾസ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ്‌ പ്രൊസീജർ എന്ന നിയമവും പാലിക്കണം. നിർമിക്കുന്ന കെട്ടിടത്തിൽ ശസ്ത്രക്രിയാമുറി, നായ്ക്കളെ പാർപ്പിക്കാനും പരിചരിക്കാനുമുള്ള സംവിധാനം, സിസിടിവി, എന്നിവയെല്ലാം വേണം.

10 നായകളുടെ ഓപ്പറേഷൻ നടത്താൻ 50 കൂടുകൾ ആവശ്യമുണ്ട്. നിലവിൽ ഇവയൊന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന ജില്ലയിലില്ല. പുതിയ കെട്ടിടം നിർമിക്കുക പ്രായോഗികവുമല്ല. ഏതെങ്കിലും ഒഴിവുള്ള കെട്ടിടങ്ങൾ കണ്ടെത്തിയാലും ഈ സൗകര്യങ്ങളെല്ലാം ഒരുക്കുമ്പോഴേക്ക് പദ്ധതി വൈകാനും സാധ്യതയുണ്ട്.

എബിസി പദ്ധതിയുടെ മുഖ്യ നിർവഹണ സ്ഥാപനമായി ജില്ലാപഞ്ചായത്തിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏഴായിരത്തിലധികം പേർക്കാണ് ജില്ലയിൽ തെരുവുനായകളുടെ ആക്രമണമേറ്റത്.