താഴെ തട്ടിൽ ജീവനക്കാരില്ലാത്തതും ഓഫീസർമാർ ഇല്ലാത്തതും വകുപ്പിനെ ആശ്രയിക്കുന്ന നിരവധി പേരെ ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്
ജില്ലാതല ഓഫീസർമാരില്ലാത്തതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സാമൂഹ്യനീതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. താഴെ തട്ടിൽ ജീവനക്കാരില്ലാത്തതും ഓഫീസർമാർ ഇല്ലാത്തതും വകുപ്പിനെ ആശ്രയിക്കുന്ന നിരവധി പേരെ ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
സാമൂഹിക ശിശുക്ഷേമ വകുപ്പ് രണ്ട് വര്‍ഷം മുന്‍പ് വിഭജിച്ചതോടെയാണ് തിരുവനന്തപുരമൊഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസുകളില്‍ നാഥനില്ലാതായത്. ഇതോടെയാണ് വിവിധ ജില്ലകളിലെ വകുപ്പ് തല ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതായാണ് ആക്ഷേപമുയര്‍ന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ , ഭിന്നശേഷിക്കാര്‍ , വയോജനങ്ങള്‍ , അഗതികള്‍ , എച്ച്.ഐ.വി ബാധിതര്‍ തുടങ്ങി നിരവധിപ്പേര്‍ ആശ്രയിക്കുന്ന വകുപ്പില്‍ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നിലവില്‍ ജില്ലാ ഓഫീസുകളുടെ അധിക ചുമതല വഹിക്കുന്നത്. എന്നാല്‍ താത്കാലിക ചുമതലക്കാരായ പല ഓഫീസര്‍മാര്‍ക്കും ചില വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാവാത്തതും കീഴ്ഘടകത്തില്‍ ജീവനക്കാരില്ലാത്തതും നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായാണ് ഈ മേഖലകളില്‍ നിന്നുള്ളവര്‍ പറയുന്നത്.
വകുപ്പ് വിഭജനത്തെ തുടര്‍ന്നുണ്ടായ കേസിന്‍റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിലെയും സാമൂഹ്യ നീതി വകുപ്പിലെയും പ്രൊമോഷന്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് നിയമനങ്ങള്‍ വൈകുന്നതിനുള്ള പ്രധാന കാരണം. എന്നാല് പ്രമോഷന്‍ നടപടികള്‍ തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില് നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമം നടന്നതു വരുന്നതായാണ് സാമൂഹ്യ നീതി വകുപ്പ് അധികൃതര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ സാമൂഹ്യ നീതിവകുപ്പിലേക്കുള്ള നിയമനങ്ങളടക്കം ഇനിയും വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ സാങ്കേതിക നടപടി ക്രമങ്ങളെ ചൊല്ലി നടപടികള്‍ വൈകിപ്പിക്കരുതെന്നും ജില്ലാ ഓഫീസുകളിലേക്കെങ്കിലും അടിയന്തിര നിയമനങ്ങള്‍ നടത്തണമെന്നുമാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം.