വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം
പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി മാത്രമാണ് പ്രമേയത്തിലുള്ളത്. അവിശ്വാസപ്രമേയം നിലനില്‍ക്കുന്നത് കൊണ്ട് ചര്‍ച്ചയ്ക്കെടുക്കാതെ മറ്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചക്ക് സാധാരണഗതിയില്‍ രണ്ട് ദിവസമാണ് വേണ്ടതെങ്കില്‍ എത്രസമയം അനുവദിക്കാമെന്നത് സ്പീക്കറുടെ വിവേചനാധികാരമാണ്. 27ന് ഒറ്റദിവസത്തേക്ക് ധനബില്‍ പാസ്സാക്കാന്‍ വേണ്ടി സഭ ചേരുമ്പോള്‍ പ്രമേയം ചര്‍ച്ചക്ക് എടുക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വേണ്ടത്. ചര്‍ച്ചയ്ക്ക് വേണ്ടി സഭസമ്മേളനം നീട്ടണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും. നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫിന്‍റെ പ്രമേയം പരാജയപ്പെടും. എന്നാല്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്.
കേരള നിയമസഭയുടെ ചരിത്രത്തില്‍ നിരവധി അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ടെങ്കിലും 1964 ആര്‍. ശങ്കര്‍ സര്‍ക്കാരിനെതിരെ പി.കെ കുഞ്ഞ് അവതരിപ്പിച്ച പ്രമേയം മാത്രമാണ് പാസ്സായിട്ടുള്ളത്. 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചതാണ് കേരള നിയമസഭയിലെ അവസാനത്തെ അവിശ്വാസ പ്രമേയം.