Kerala

‘പാലാ സീറ്റ് വിട്ട് ഒരു ഒത്തുതീര്‍പ്പും വേണ്ട’; എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍

ജോസ് കെ മാണി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുണ്ട്

കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റ് വിട്ട് നല്‍കി യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ നിലപാട്. ജോസ് കെ മാണി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റ് കൈവിടരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ഇക്കാര്യം പ്രധാന ചര്‍ച്ച വിഷയമാകും.

പാലാ സീറ്റ് വിട്ട് കൊടുത്ത് കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്ന കടുത്ത നിലപാടാണ് മാണി സി കാപ്പനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തില്‍ പരസ്യപ്രതികരണം വേണ്ടതില്ലെന്നാണ് എ.കെ ശശീന്ദ്രന്‍ പക്ഷത്തിന്‍റെ നിലപാട്.

പാലായിലെ സീറ്റ് വിഭജന വിഷയത്തില്‍ ജോസ് കെ. മാണിയുമായി സി.പി.എം ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന പരാതിയും എന്‍.സി.പി നേതൃത്വനുണ്ട്. സീറ്റ് വിട്ട് കൊടുത്ത് കൊണ്ട് മുന്നണിയില്‍ തുടരേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും മാണി സി. കാപ്പന്‍ പക്ഷം യോഗത്തില്‍ സ്വീകരിക്കുക.