Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ നിക്ഷേപമില്ലെന്ന് പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണ സമിതി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി. പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

അതേസമയം കേസിൽ ട്ട് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം.

കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്പോൾ ആരൊക്കെയാണ് ആ ഉന്നതർ എന്ന ചോദ്യവും ശക്തമാകുകയാണ്. സിപിഐഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്.