India Kerala

മന്ത്രി റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ അസ്വാഭാവികതയില്ല : ജില്ലാ കളക്ടർ

പി.എ മുഹമദ് റിയാസ് റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. ഔദ്യോഗിക വാഹനം ഇല്ലെങ്കിൽ സ്വകാര്യ വാഹനം ഉപയോഗിക്കാം. സിറ്റി പൊലിസ് കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. നാലു ദിവസം മുൻപാണ് കമ്മിഷണറുടെ കത്ത് ലഭിച്ചത്. മുൻപും ഇത്തരത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

കോഴിക്കോട് വിക്രം മൈതാനായിൽ നടന്ന റിപ്പബ്‌ളിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാൻ സഞ്ചരിക്കാനായി പൊലീസ് ഏർപ്പാടാക്കിയത് കരാറുകാരന്റെ വാഹനമായിരുന്നു. പിന്നാലെയാണ് വിവാദം ഉണ്ടായത്.

റിപ്പബ്ലിക് ദിന പരേഡിനായി കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ ആരോപണങ്ങൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ് അന്ന് തന്നെ രംഗത്ത് വന്നിരുന്നു. പരിപാടിക്കെത്തുമ്പോൾ വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്നും വാഹനം അധോലോക രാജാവിന്റേതാണെങ്കിലും മന്ത്രിയുടെ ഉത്തരവാദിത്തമാകുന്നത് എങ്ങനെയെന്നും മന്ത്രി ചോദിച്ചു. ചിലരുടെ ചോര കുടിക്കാനുള്ള ആഗ്രഹമാണ് വാർത്തകൾക്ക് പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പോലീസുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.