സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൌരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി. ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് സഭയില്‍ മറുപടി നല്‍കുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍. സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ഇന്ന് മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്ക്കുന്ന സഭാ സമ്മേളനം ആദ്യദിവസങ്ങളില്‍ തന്നെ പ്രക്ഷുബ്ധമാകും. വോട്ട് ഓണ്‍ അക്കൌണ്ട് ഇല്ലാതെ സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് നിയമസഭ ചേരുന്നതിന്റെ ലക്ഷ്യം.
സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരേപോലെ വെല്ലുവിളിയാണ് നിയമസഭ സമ്മേളനം. എടുത്ത് പ്രയോഗിക്കാന്‍ ഇരുപക്ഷത്തിന്റേയും കയ്യില്‍ നിരവധി ആയുധങ്ങളുണ്ട്.സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരായ കണ്ടെത്തലുകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ വജ്രായുധം. സിഎജി റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നു. നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും മൌനം പാലിച്ചിരുന്ന മുഖ്യമന്ത്രി സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നതും നിയമസഭയില്‍ ആയിരിക്കും. ഇന്ന് തന്നെ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയുടെ മറുപടിയും ഉണ്ടാകും.
അതേസമയം പ്രതിപക്ഷത്തെ നേരിടാന്‍ സര്‍ക്കാരിന്റെ പക്കലും ആയുധങ്ങളുണ്ട്. വി എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും, വി. കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതുമെല്ലാം പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ ഉപയോഗിക്കും. സിഎജി റിപ്പോര്‍ട്ടിലെ യുഡിഎഫ് കാലത്തെ കണ്ടെത്തലുകളായിരിക്കും സര്‍ക്കാരിന്റെ മറ്റൊരു പരിച. അതുകൊണ്ട് തന്നെ നിയമസഭ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയാകും എന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കി മാര്‍ച്ച് 31 നകം സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.