നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ഈ മാസം 31ന് കോടതി വാദം കേള്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ ജനാധിപത്യം വിജയിക്കണം എന്ന ആഗ്രഹവും ആവശ്യവും ഉള്ളതുകൊണ്ട് ഈ കേസില്‍ കക്ഷി ചേരാന്‍ താന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. തന്നെ കക്ഷി ചേര്‍ക്കരുത് എന്ന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ ചട്ടത്തില്‍ നിയമപ്രകാരം ഒരു കേസില്‍ കക്ഷി ചേര്‍ക്കുവാന്‍ കഴിയും എന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ കോടതി ഈ മാസം 31 ന് വാദം കേള്‍ക്കും. സര്‍ക്കാരും പ്രോസിക്യൂഷനും എത്ര ശ്രമിച്ചാലും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളി കേസില്‍ അഡ്വ. എസ് സുരേശനെ സ്പെഷ്യല്‍ പ്രോസിക്യൂഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അഡ്വ. എസ് സുരേശനെ സ്പെഷ്യല്‍ പ്രോസിക്യൂഷനെ നിയമിക്കണമെന്നായിരുന്നു ആവശ്യം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രിംകോടതിയെയും ചെന്നിത്തല സമീപിച്ചിരുന്നു.