പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിന മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് പ്രതി അഭിഷേകിനെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്ത് ദീപേഷ്. അടുത്തിടയ്ക്കാണ് ഇക്കാര്യം അറിഞ്ഞതെന്നും ദീപേഷ് പറഞ്ഞു. എല്ലാവരുമായും സോഷ്യലായി പെരുമാറുന്ന ആളായിരുന്നു നിതിനയെന്നും ദീപേഷ് പറഞ്ഞു. ഡിവൈഎഫ്‌ഐയിൽ സജീവ പ്രവർത്തകയായിരുന്ന നിതിന, എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. അഭിഷേകിനെ കുറിച്ച് തങ്ങൾക്ക് ചെറിയ സൂചനയുണ്ടായിരുന്നു. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് നിതിന ഇഷ്ടം അറിയിക്കുകയായിരുന്നുവെന്നും ദീപേഷ് വ്യക്തമാക്കി. അഭിഷേകിനെ കുറിച്ച് നിതിനയുടെ വീട്ടിൽ അറിയാമായിരുന്നു. ഇപ്പോൾ പഠിക്കട്ടെയെന്നും പിന്നീട് ആലോചിക്കാം എന്നുമായിരുന്നു വീട്ടുകാരുടെ നിലപാടെന്നും ദീപേഷ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.