കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം. ആദ്യ പടിയായി ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമാക്കും. വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമാണിത്. എന്‍.ഐ.ടിയും ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായി.
ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി ‘ഹരിത ചൊവ്വ’ ആചരിക്കാൻ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയും (എൻഐടി) ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പിലാനിയും (ബിറ്റ്സ് പിലാനി) ധാരണയായി. വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീൻ ട്യൂസ്ഡേ) സംരംഭത്തിന്റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഗ്രീൻ ട്യൂസ്ഡേ.
കോഴിക്കോട് എൻ.ഐ.ടി തുറക്കുന്ന മുറയ്ക്ക് ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രമായിരിക്കും ഉപയോഗിക്കുക. അതേസമയം ഗോവ ബിറ്റ്സ് പിലാനിയിൽ മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. ഭക്ഷ്യാധിഷ്ടിത കാർബൺ ഗണ്യമായി കുറയ്ക്കാൻ ഈ സംരംഭം സഹായകമാണെന്നാണ് വിശദീകരണം.
മനുഷ്യനിർമ്മിതമായ ഗ്രീൻഹൗസ് വാതക ഉദ്വമനം, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളർത്തുമൃഗ പരിപാലനമാണെന്നും വേഗന്‍ ഔട്ട് റീച്ച് വാദിക്കുന്നു. വെഗാൻ എന്നാൽ സസ്യാഹാര പ്രിയൻ എന്നാണർത്ഥം. യുഎന്നിനായി ഇന്റർഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിൽ മാംസം, പാൽ, മുട്ട, മറ്റ് മൃഗ ഉൽപന്നങ്ങൾ എന്നിവ വ്യക്തികൾ വെട്ടിക്കുറച്ചാൽ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാമെന്ന് പറയുന്നു.
ഗൗതം ബുദ്ധ സർവകലാശാലയും ലവ്‍ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഇരുപത്തിരണ്ട് സർവകലാശാലകളും കോർപ്പറേഷനുകളും വെഗാൻ ഔട്ട്റീച്ചിന്റെ ഗ്രീൻ ട്യൂഡ്സേ പ്രതിജ്ഞയിൽ ഒപ്പുവച്ചു. ചിലർ മാംസമില്ലാത്ത ദിവസങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മറ്റു ചിലർ അവരുടെ ഭക്ഷണശാലകളിൽ വിളമ്പുന്ന മുട്ടകളുടെയും പാലുൽപ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്. ഗ്രീൻ ട്യൂസ്ഡേ ഇനിഷ്യേറ്റീവിൽ, ഇന്ത്യയിലെ 22 സ്ഥാപനങ്ങൾ അംഗങ്ങളാണ്.
ഇതിനോടനുബന്ധിച്ചു നടന്ന വെർച്വൽ ചടങ്ങിൽ ചലച്ചിത്രതാരം സദാ സയീദ്, വെഗാൻ പ്രവർത്തകനും എവറസ്റ്റ് കൊടുമുടി ജേതാവുമായ കുണ്ഡൽ ജോയിഷർ എന്നിവർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വെഗാൻ ഔട്ട്റീച്ച് പ്രോഗ്രാം ഡയറക്ടർ റിച്ചാ മേത്ത, ഭവ്യ വാട് രാപു എന്നിവർ പങ്കെടുത്തു.