ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച കേസിൽ നിശാന്തിനി ഐ.പി.എസിനു എതിരായ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരന് പതിനെട്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് കേസ് തീർപ്പാക്കിയത്. കേസ് ഒത്തു തീർപ്പാക്കിയതായി നിശാന്തിനി കോടതിയെ അറിയിച്ചു.
യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജര്‍ പേഴ്സി ജോസഫ് ഡസ്മണ്ടാണ് നിശാന്തിനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനി മുന്‍കൈ എടുത്തത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ വെച്ചാണ് നഷ്ടപരിഹാരത്തുക കൈമാറിയത്.
2011 ജൂലൈ 26-നാണ് പേഴ്സി ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച് അവശനാക്കിയത്. വായ്പ ആവശ്യത്തിന് ബാങ്കിലെത്തിയ വനിതാ പൊലീസുകാരിയെ അപമാനിച്ചെന്ന പരാതിയിലായിരുന്നു ഇത്. എ.എസ്.പിയായിരുന്ന നിശാന്തിനിയും പൊലീസുകാരും ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചത്. അവശനിലയിലായ പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി പിറ്റേദിവസം കോടതിയില്‍ ഹാജരാക്കി. പൊലീസുകാര്‍ മര്‍ദിച്ചെന്ന് ഡോക്ടറോടും മജിസ്ട്രേറ്റിനോട് പേഴ്സി പരാതിപ്പെട്ടു. കോടതി ജാമ്യം അനുവദിച്ചു.
ഇതിനു ശേഷമാണ് നിശാന്തിനിക്കും പൊലീസുകാര്‍ക്കുമെതിരെ പേഴ്സി ജോസഫ് നിയമപോരാട്ടം ആരംഭിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഘട്ടത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് നിശാന്തിനിയും പൊലീസുകാരും തയ്യാറായത്.