നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ ആരോപിച്ചു. മുസ്ലിം ലീഗിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും ട്വീറ്റുകള്‍ നീക്കം ചെയ്തു. അസംഖാനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ കേസെടുത്തു.
എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഗുരുതര ആരോപണമുന്നയിച്ചത്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പരാമര്‍ശം കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമാണെന്നും നിര്‍മല ആരോപിച്ചു.
മുസ്ലിം ലീഗ് പച്ച വൈറസാണെന്നും ഇന്ത്യാ വിഭജനത്തില്‍ ലീഗിന് പങ്കുണ്ടെന്നും ആരോപിക്കുന്ന യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. മുസ്ലിം ലീഗിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സമാന പരാമര്‍ശമുള്ള കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ ഉൾപ്പടെ ആകെ 34 ട്വീറ്റുകളും നീക്കിയിട്ടുണ്ട്.
എസ്.പി നേതാവ് അസംഖാനെ ബോളിവുഡിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് വിളിച്ചതിനാണ് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പ്രചാരണ റാലിയിലാണ് നഖ്‌വി അസംഖാനെ മൊഗാംബു എന്ന് വിളിച്ചത്. വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ ഷോളാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലിയില്‍ പങ്കെടുത്തു.