നിപയെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 10 പേരില്‍ 9 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. ഒരാളുടെ പരിശോധനാ ഫലം വരാറുണ്ട്. നിപ സ്ഥിതീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. നോര്‍ത്ത് പറവൂരില്‍ നിപ രോഗ ലക്ഷണം കാണിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോട് കൂടി 3 പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഐസോലേഷന്‍ വാര്‍ഡില്‍ 10 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 9 പേരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആണ്. ഒരാളുടെ റിസല്‍ട്ട് കിട്ടിയിട്ടില്ല.
നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗലക്ഷണങ്ങളുള്ള വ്യക്തിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്ത് ലാബ് പരിശോധന, അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി വരുന്നു.
എന്‍.ഐ.വി യില്‍ നിന്നും തന്നെയുള്ള ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിനായി പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വടക്കേക്കര സന്ദര്‍ശിച്ചു. വവ്വാലുകളുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനുള്ള സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.
സ്വകാര്യ ആശുപത്രികള്‍ നിരീക്ഷിക്കുന്നതിനായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നതായും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.