India Kerala

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

നിപ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് സഹായകമായി. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് യുവാവ് നാളെ വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടില്‍ 10 ദിവസത്തെ വിശ്രമത്തിന് ശേഷം സാധാരണജീവിതത്തിലേക്ക് പോകാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. യുവാവ് അശുപത്രി വിടുന്നതോടനുബന്ധിച്ച് വിപുലമായ യാത്രയയപ്പ് നല്‍കാനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ടരക്ക് നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുഖ്യാതിഥി ആയിരിക്കും. യുവാവ് ആശുപത്രി വിടുന്നതോടെ എറണാകുളം ജില്ലയെ നിപ മുക്തമായി ചടങ്ങില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിക്കും.