India Kerala

നിപയില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രോഗികളെ കാണാനെത്തുന്നവര്‍ സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവിദഗ്ദരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.

പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. കൂടുതല്‍ പരിശോധന ആവശ്യമായി വരുന്നവര്‍ക്ക് അതിനുള്ള സൌകര്യമൊരുക്കും. ഏതെങ്കിലും നിപ സംശയാസ്പദമായ കേസുകള്‍ കണ്ടെത്തുകയാണെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഇതിനായി ഏഴ് ഐസൊലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. രോഗികളെ കാണാനെത്തുന്നവര്‍ സന്ദര്‍ശനത്തില്‍ നിയന്ത്രണം പാലിക്കണമെന്ന ആവശ്യവും മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉന്നയിക്കുന്നുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളിലുള്‍പ്പെടെ ജീവനക്കാരുടെ ഡ്യൂട്ടി സമയവും എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്.