യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് യെശ്വന്ത് വർമ്മയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.