ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകീട്ടോടെ നിഖില്‍ പൈലി ജയിലില്‍ നിന്ന് പുറത്തിറങ്ങും.
കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. നിഖില്‍ പൈലിക്ക് കൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാമ്യം നേടി പുറത്തെത്തുകയാണ്.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ധീരജിനൊപ്പം കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.