HEAD LINES Kerala Latest news

കേരളത്തില്‍ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതി; ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.(NIA Arrested ISIS Leader Nabeel)

വിശദമായി ചോദ്യം ചെയ്യാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു.

കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയില്‍ നിന്നാണ് എന്‍ഐഎ സംഘത്തിന്റെ വലയിലായത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു മലയാളിയായ നബീല്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്ന് എന്‍ഐഎ കണ്ടെത്തി.

വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.