ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് എന്‍.എച്ച് 17 സംയുക്ത സമരസമിതി. സമരസമിതി ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനം കേന്ദ്രമന്ത്രിക്ക് നല്‍കുകയാണ് ബി.ജെ.പി അധ്യക്ഷന്‍ ചെയ്തത്. ഏതുവിധേനയും ദേശീയ പാത വികസനം നടത്തണമെന്ന വാശിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സമരസമിതി അംഗം സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു.
ദേശീയപാത വികസന്തതിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിവാദം അനാവശ്യമാണെന്നാണ് എന്‍.എച്ച് 17 സംയുക്തസമര സമിതിയുടെ നിലപാട്. ഏതുവിധേനയും പദ്ധതി നടപ്പിലാക്കുമെന്ന വാശിയാണ് സര്‍ക്കാരിന്. കഴിഞ്ഞ 15 വര്‍ഷമായി സമരസമിതി ചൂണ്ടികാണിക്കുന്ന പല പ്രശനങ്ങളും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. ഈ വിവിവരങ്ങള്‍ എല്ലാം ചൂണ്ടികാട്ടി കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സമരസമിതി നിവേധനം നല്‍കിയിട്ടുണ്ട്. ഈ നിവേദനമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് ഫോര്‍വേഡ് ചെയ്തത്. യാഥാര്‍ത്ഥ കാരണങ്ങള്‍ മനസിലായതുകൊണ്ടാവണം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോയത്. പദ്ധതിയമായി ബന്ധപ്പെട്ട് ഇരു സര്‍ക്കാരുകളും പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും സംയുക്ത സമരസമിതി അംഗം സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ പേരില്‍ ഒരിക്കല്‍ കുടിയിറക്കപ്പെട്ടവരെ വീണ്ടും കുടിയിറക്കി മാത്രമേ റോഡ് നിര്‍മ്മിക്കൂ എന്ന മുഖ്യമന്ത്രിയുടെ വാശി സാഡിസം ആണെന്നും സമരസമിതി ആരോപിച്ചു. ഇട്ടപള്ള മൂത്തകുന്നം ഭാഗത്ത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ നിര്‍ത്തിവെക്കാനും നേരത്തെ സ്ഥമെടുപ്പ് കഴിഞ്ഞ 30 മീറ്ററില്‍ ആറ് വരി പാത നിര്‍മ്മിച്ച് ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.