Kerala

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

നെയ്യാർ ഡാം നിലവിൽ നാൽപത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്റർ ഉയർത്തി. നാളെ 60 സെന്റീമീറ്റർ വീതം ഉയർത്തുമ്പോൾ ആകെ 400 സെന്റീമീറ്ററാകും. വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.