രമേശ് ചെന്നിത്തലയുടെ പിഎയ്ക്ക് ആണ് ഐ ഫോൺ സമ്മാനമായി കിട്ടിയതെന്നും ഇക്കാര്യം സ്വപ്ന സുരേഷാണ് തന്നോട് പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ
ഐ ഫോൺ കൈമാറ്റത്തിൽ നിലപാട് മാറ്റി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. രമേശ് ചെന്നിത്തലയുടെ പിഎയ്ക്ക് ആണ് ഐ ഫോൺ സമ്മാനമായി കിട്ടിയതെന്നും ഇക്കാര്യം സ്വപ്ന സുരേഷാണ് തന്നോട് പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകി. ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്.
ഐ ഫോൺ വിവാദത്തിൽ മുൻ നിലപാട് മാറ്റിയും സ്വപ്ന സുരേഷിനെ പഴിചാരിയുമാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ്റെ മൊഴി. തിരുവനന്തപുരത്ത് നടന്ന യുഎഇ ദേശീയ ദിനാഘോഷത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകിയെന്നായിരുന്നു ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ വിജിലൻസ് ചോദ്യംചെയ്യലിൽ സന്തോഷ് ഈപ്പൻ നിലപാട് മാറ്റി.
ഐ ഫോൺ കൈമാറിയത് രമേശ് ചെന്നിത്തലയുടെ പിഎ യ്ക്കായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് സ്വപ്ന സുരേഷാണ്. നറുക്കെടുപ്പിലൂടെയാണ് ഫോൺ നൽകിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐ ഫോണുകളടക്കം ആകെ ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതിലൊരെണ്ണം താൻ എടുക്കുകയും ബാക്കി 5 എണ്ണം സ്വപ്നയ്ക്ക് കൈമാറുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ വിജിലൻസിനോട് പറഞ്ഞു. സന്തോഷ് ഈപ്പൻ്റെ സത്യവാങ്ങ്മൂലത്തിലെ വെളിപ്പെടുത്തലിനെതിരെ രമേശ് ചെന്നിത്തല കോടതിയെ സമീപിക്കാനിരിക്കെയാണ് നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്.