ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമല നിവാസികള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. പുത്തുമല ടൌണ്‍ഷിപ്പ് പ്രൊജക്ടിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സൌജന്യമായി നല്‍കിയ ഭൂമിയില്‍, 70 ഓളം വീടുകള്‍ ഏറ്റെടുത്തതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്.
പുത്തുമല ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട 70 ഓളം കുടുംബങ്ങളെ സമീപത്തെ കള്ളാടിയില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. സര്‍ക്കാരിന് സൌജന്യമായി ലഭിച്ച 11. 40 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അടുത്ത ദിവസം നടക്കും. വൈകാതെ തന്നെ ഈ ഭൂമിയില്‍ വീടുകള്‍ക്ക് തറക്കല്ലിടും.
ടൌണ്‍ഷിപ്പ് പ്രൊജക്ടിലെ വീടുകളും സ്ഥലവും പൂര്‍ണമായും സന്നദ്ധസംഘടനകള്‍ സൌജന്യമായി നല്‍കിയതിനാല്‍ സ്കൂള്‍ ഉള്‍പ്പെടെയുള്ള മറ്റു സൌകര്യങ്ങള്‍ക്കായി എം.പി ഫണ്ടിനെയാണ് ആശ്രയിക്കുന്നത്. അടുത്ത മെയ് മാസത്തോടെ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനാവുന്ന രീതിയിലാണ് ടൌണ്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.