India Kerala

അറക്കല്‍ സ്വരൂപത്തിലെ 40ാമത് കിരീടാവകാശിയായി ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ സ്വരൂപത്തിന്റെ നാല്‍പ്പതാമത് കിരീടാവകാശിയായി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു. ബീവിയുടെ വസതിയില്‍ നടന്ന പാരമ്പര്യ പ്രകാരമുളള ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെ തുടര്‍ന്നാണ് സ്വരൂപത്തില്‍ പുതിയ അധികാരി സ്ഥാനമേറ്റത്.

ദീപം സാക്ഷിയായി അംശവടിയും വാളും പരിചയും തട്ട് കുടയും ഏറ്റുവാങ്ങിയാണ് അറക്കല്‍ രാജവംശത്തിന്റെ പുതിയ കിരീടാവകാശിയായി ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റെടുത്തത്. അറക്കല്‍സ്വരൂപത്തിലെ നാല്‍പ്പതാമത്തെയും പെണ്‍താഴ്‌വഴിയുടെ പതിമൂന്നാമത്തെയും കിരീടാവകാശിയാണ് ചെറിയ ബീകുഞ്ഞി ബീവി.

നിലവിലുണ്ടായിരുന്ന സുല്‍ത്താന ഫാത്തിമ മുത്തുബി കഴിഞ്ഞ ദിവസം അന്തരിച്ചതിനെ തുടര്‍ന്നാണ് അറക്കലിന് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്. അല്ലാഹുവിന്റെ നാമത്തില്‍ സ്ഥാനം ഏറ്റെടുക്കുന്നതായി സന്ദേശ കുറിപ്പിലൂടെ ബീവി സദസ്സിനെ അറിയിച്ചു.

പടയോട്ടത്തിന്റെ കാലം മുതല്‍ ബീവിമാര്‍ സ്ത്രീ,പുരുഷ ഭേദമില്ലാതെ മാറിമാറി ഭരിച്ചിരുന്ന അറക്കല്‍ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളെയാണ് രാജവംശത്തിന്റെ നായകസ്ഥാനം ഏല്‍പ്പിക്കുക. പരമ്പരാഗത രീതി പിന്തുടര്‍ന്ന് അറക്കല്‍,പഴശി രാജവംശങ്ങളിലെ പ്രതിനിധികളും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടന്നപ്പളളി രാമചന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.