India Kerala

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളെ ഇന്നലെ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാല്‍ ജില്ല ഗ്രീന്‍ സോണില്‍ തന്നെ തുടരും. എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളെയാണ് ഇന്നലെ പുതുതായി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിനെ കോവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ ഉള്ള സ്ഥലമായതിനാലാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കോവിഡ് ബാധിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരെ കഴിഞ്ഞ ബുധനാഴ്ച്ച നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയിലുണ്ടായിരുന്ന 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഈ സാഹചര്യത്തില്‍ മഞ്ഞള്ളൂരിനെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാവുന്നതാണെന്ന് ജില്ല കലക്ടര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കൊച്ചി കലൂര്‍ സൌത്ത് സ്വദേശിയായ കോവിഡ് ബാധിതനായ യുവാവ് കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരെയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കലൂര്‍ സൌത്തിനെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ല കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്