Kerala

പൊലീസ് അന്വേഷണത്തിന് പുതിയമാർഗ രേഖ; കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച് ഡി ജി പി

പൊലീസ് അന്വേഷണത്തിന് പുതിയമാർഗരേഖ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ ഈ മാസം തീർക്കാൻ നിർദേശം. നിലവിലെ കേസുകളിൽ ഈ മാസം 31 നകം കുറ്റപത്രം നൽകണമെന്നും ഗാർഹിക വിഷയങ്ങളിലെ പരാതിയിൽ ഉടൻ എഫ്ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൊലീസുകാരുടെ മോശം പെരുമാറ്റത്തിൽ പരാതി ലഭിച്ചാൽ എസ് പി നേരിട്ട് അന്വേഷിക്കണമെന്നും ഡി ജി പി നിർദേശിച്ചു.

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പോക്സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി മാർഗ നിർദേശം നൽകിയത്. പൊലീസിനെതിരെ സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത്.

കോടതി നിർദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങൾ തുടരുന്ന നിലയായിരുന്നു. ഇതിനിടെ പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയർന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ഉണ്ടാരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും പൊലീസിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത് .