പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രി സഭാ പുന:സംഘടനാ അന്തിമ പട്ടിക രാഹുൽ ഗാന്ധി അംഗീകരിച്ചു. മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി ഇന്ന് ഗവർണറെ കാണും. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ വിശ്വസ്തരെ ആരേയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. മന്ത്രി സഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ചന്നി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിട്ടും നിരാശനാക്കപ്പെട്ട സുനിൽ ജാക്കറെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ ആയി പട്ടികയിലുള്ളത് ബ്രഹ്മ മൊഹീന്ദ്രയാണ്. കൂടാതെ സിദ്ധു പക്ഷത്ത് നിന്നുള്ള നാല് നേതാക്കളും പട്ടികയിൽ ഇടം നേടി.
മന്ത്രിസഭയിലെ സുപ്രധാന പദവി നൽകി ജാക്കറെ ആശ്വാസിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ പാർട്ടിയുടെ നിർണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്നാണ് സിദ്ദുവിൻ്റെ ആവശ്യം.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ മൂന്ന് തവണയാണ് ചന്നി ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്തിയത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരെല്ലാം ചന്നിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.